അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്ന കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് അഹമ്മദാബാദ് അമറേലി സെഷൻസ് കോടതി. അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ഹിന്ദുമതം പശുവിനെ പവിത്രമായി കണക്കാക്കുന്നുവെന്നും, പ്രതികൾ അത് മനസ്സിലാക്കിയിട്ടും കുറ്റം ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.
ഇതാദ്യമായാണ് പശുവിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെടുന്നത്. 2023 ലാണ് സംഭവം നടന്നത്. പ്രതികളിൽ നിന്ന് പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് നടന്നു. അമ്രേലി ജില്ലയിൽ വ്യാപകമായ വിവാദങ്ങൾക്ക് വഴിവെച്ച കേസായിരുന്നു ഇത്.
ഒരു വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് സെഷൻസ് ജഡ്ജി റിസ്‌വാനബെൻ ബുഖാരി ശിക്ഷാവിധി പ്രഖ്യാപിച്ചത്. അതേസമയം, ഇതിനെതിരെ അപ്പീൽ പോവുമെന്നാണ് പ്രതികളുടെ പ്രതികരണം.






