തൃശ്ശൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമമായ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
യുവതിയുടെ അശ്ലീല ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് സുഹൃത്ത് വഴിയാണ് ആദ്യം അറിയുന്നത്. തുടർന്ന് സംശയം തോന്നിയപ്പോൾ പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഏകദേശം 40-ഓളം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതായി പരാതിയിൽ പറയുന്നു.
ഈ ചിത്രങ്ങൾ പണം വാങ്ങി ടെലഗ്രാം വഴി പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. സംഭവം അറിഞ്ഞ നാട്ടുകാർ യുവാവിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. കൂടുതൽ സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.





