പാലക്കാട്: ഓപ്പറേഷൻ തൂഫാനിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികനെന്ന് പൊലീസ്. മണ്ണാർക്കാട് സ്വദേശി ജിനേഷാണ് കേസിലെ മുഖ്യപ്രതി. റാഞ്ചിയിൽ നിന്നുള്ള അവധിക്ക് നാട്ടിലെത്തിയ ജിനേഷ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
ധോണിയിൽ വച്ച് പൊലീസ് പരിശോധനയ്ക്കിടെ നടന്ന ആക്രമണത്തിലാണ് വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ, കാറിൽ എത്തിയ സംഘം ചോദ്യം ചെയ്യലിനിടെയാണ് പൊലീസിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
വാഹനം കൈകാണിച്ച് നിർത്തി പരിശോധന നടത്തിയ എസ്‌ഐ ജോൺ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്. പിൻസീറ്റിലുണ്ടായിരുന്ന ജിനേഷ് എസ്‌ഐയുടെ മുഖത്തടിക്കുകയും കണ്ണട തകർക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്കും ആക്രമണം നേരിട്ടത്.
ഇതിനിടെ, മറ്റൊരു പ്രതി എസ്‌ഐയുടെ കഴുത്തിൽ ചവിട്ടി ഞെരിച്ചതായും റിപ്പോർട്ടുണ്ട്. പൊലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാർഡ് വിവരം അറിയിച്ചതിനെ തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥർ എത്തിയാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ജോലി തടസ്സപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.






