കാരക്കാസ്: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് വെനസ്വേലൻ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടു. വെനസ്വേലയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ പ്രാദേശിക അധികാരികളുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാനാണ് മരണപ്പെട്ടത്.
ഇന്ത്യയിൽ എത്തിച്ച മൃതദേഹം പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് കുടുംബം വിദേശകാര്യ മന്ത്രാലയത്തിൽ പരാതി നൽകി.
രാകേഷിന്റെ മരണത്തിൽ ജോലി ചെയ്തിരുന്ന കമ്പനി വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്ന് ഭാര്യ രജ്ഞന ആരോപിച്ചു. ഭർത്താവിന്റെ മരണത്തെ തുടർന്ന് അവയവങ്ങൾ നീക്കം ചെയ്തുവെന്നതും കൊലപാതകമാണെന്നതും അവർ ആരോപിച്ചു.
മെയ് 6നാണ് രാകേഷുമായി അവസാനമായി സംസാരിച്ചതെന്ന് ഭാര്യ പറഞ്ഞു. ഡ്യൂട്ടിക്ക് പോയതിന് ശേഷം അപകടമുണ്ടായതായി വിവരം ലഭിച്ചിരുന്നുവെന്നും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് അറിയിക്കപ്പെട്ടതായും അവർ വ്യക്തമാക്കി.
വിഷയം ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ഏറ്റെടുത്തതോടെ കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു. മൃതദേഹത്തിൽ തലച്ചോർ, ഹൃദയം, ശ്വാസകോശങ്ങൾ, വൃക്കകൾ, കരൾ തുടങ്ങിയ അവയവങ്ങൾ ഇല്ലെന്ന് യൂണിയൻ ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാർയും ഇന്ത്യൻ എംബസിയും ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.




