തൃശ്ശൂർ: വടക്കേക്കാട് മണികണ്ഠേശ്വരത്ത് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. വടക്കേക്കാട് കല്ലിങ്ങൽ മേലെപുര വീട്ടിൽ പ്രദീപ്-സജിത ദമ്പതികളുടെ മക്കളായ സായിദീപ് (9), സ്വാതിക് (7) എന്നിവരാണ് മരിച്ചത്.
തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു സായിദീപ്. സ്വാതിക് ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സ്കൂൾ വിട്ടെത്തിയ ശേഷം കുട്ടികൾ വീടിന് സമീപം ഇരിക്കുകയായിരുന്നു.
വൈകിട്ട് അഞ്ചരയോടെ ജോലി കഴിഞ്ഞെത്തിയ അച്ഛൻ പ്രദീപ് പുറത്തേക്ക് പോകുന്നതിനിടെ കുട്ടികളോട് ക്ഷേത്രക്കുളത്തിന് സമീപത്തേക്ക് പോകരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ അരമണിക്കൂറിന് ശേഷം കുട്ടികളുടെ ശബ്ദം കേൾക്കാതായതോടെ അമ്മ സജിത അന്വേഷിച്ചിറങ്ങി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ ക്ഷേത്രക്കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് കുട്ടികളെ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് സ്വദേശിയായ പ്രദീപ്, വടക്കേക്കാട് കല്ലിങ്ങൽ സ്വദേശിനിയായ സജിതയെ വിവാഹം കഴിച്ച ശേഷം ക്ഷേത്രക്കുളത്തിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കുട്ടികളുടെ മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൻ.കെ. അക്ബർ എംഎൽഎ താലൂക്ക് ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു.


