മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു തുടരും. കഴിഞ്ഞ ഏപ്രിൽ 25 ആണ് തുടരും തിയറ്ററുകളിലെത്തിയത്. ചിത്രം ഇപ്പഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 232.25 കോടിയാണ് ഇതുവരെ ചിത്രം ആഗോളതലത്തിൽ നേടിയത്. കേരള ബോക്സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും. 200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനകം സ്വന്തമാക്കിയിരുന്നു. മഞ്ഞുമ്മൽ ബോയ്സും എമ്പുരാനുമാണ് നിലവിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച മലയാളചിത്രങ്ങൾ.
ഇപ്പോൾ ചിത്രത്തിൻറെ ഒ.ടി.ടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാറാണ്. വലിയ തുകയ്ക്കാണ് ചിത്രം വിറ്റുപോയത് എന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട്. ജിയോ ഹോട്ട്സ്റ്റാർ തന്നെയാണ് ചിത്രത്തിൻറെ ഒ.ടി.ടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിലെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം മെയ് 30 മുതൽ സ്ട്രീം ചെയ്യുമെന്നാണ് ജിയോ ഹോട്ട് സ്റ്റാർ പ്രഖ്യാപിച്ചിരിക്കുന്നത്.






