ആലപ്പുഴ: മുന്നറിയിപ്പില്ലാതെ വാട്ടർ അതോറിറ്റി റോഡ് പൊളിച്ച് പണി തുടങ്ങിയതോടെ തുറവൂർ-തൈക്കാട്ടുശ്ശേരി റോഡിൽ യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ദിവസം രാവിലെയാണ് തിരക്കേറിയ റോഡിൽ അപ്രതീക്ഷിതമായി കുഴിയെടുത്ത് പണി ആരംഭിച്ചത്. ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വന്നതോടെ തുറവൂർ കവലയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.
കുടിവെള്ള വിതരണം മുടങ്ങുമെന്ന അറിയിപ്പ് മാത്രമാണ് വാട്ടർ അതോറിറ്റി നേരത്തേ നൽകിയിരുന്നത്. റോഡ് പൊളിച്ച് പണി നടത്തുമെന്ന വിവരം അറിയിക്കാതിരുന്നതാണ് ജനങ്ങളുടെ ദുരിതം വർധിപ്പിച്ചത്. രാവിലെ സ്കൂളുകളിലേക്ക് പോയ വിദ്യാർഥികളും അവരെ കൊണ്ടുപോയ രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടി.
ഗതാഗതം പൂർണമായി തടസ്സപ്പെട്ടതോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വളമംഗലം കാവിൽ റോഡിലൂടെ തിരിച്ചുവിട്ടു. വടക്കുനിന്ന് വന്ന ചെറിയ വാഹനങ്ങളെ കുത്തിയതോട് ഭാഗത്തുനിന്ന് കിഴക്കോട്ട് തിരിച്ചുവിടേണ്ടിയും വന്നു.
മുന്നറിയിപ്പില്ലാതെ തിരക്കേറിയ റോഡ് പൊളിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ദേശീയപാതാ നിർമാണത്തിലെ സമാനമായ അനുഭവങ്ങൾ ആവർത്തിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.




