ഇടുക്കി: ഇടുക്കിയില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയില്‍ കടുവയ്‌ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാര്‍കോവില്‍ മെട്ട് ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ ആണ് വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മയക്കു വെടിവെച്ച് പിടികൂടിയത്.
കൂട്ടില്‍ കയറ്റിയ കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകള്‍ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ തന്നെ തുറന്നു വിടും. നായയുടെ ഒപ്പം ഉണ്ടായിരുന്നതിനാല്‍ പേവിഷബാധ വാക്‌സിന്‍ ഉള്‍പ്പെടെ നല്‍കിയതിനുശേഷമായിരിക്കും കടുവയെ വനത്തില്‍ തുറന്നുവിടുക.
ആദ്യത്തെ മയക്കുവെടിയില്‍ കടുവ മയങ്ങിയിരുന്നില്ല. രണ്ടാമത്തെ തവണ മയക്കുവെടിവെച്ചപ്പോഴാണ് കടുവ മയങ്ങിയത്. നായയെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരിക്കാം കുഴിയില്‍ വീണതെന്നാണ് കരുതുന്നത്.






