കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ചൊവ്വാഴ്ച രാത്രിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിനുള്ളിൽ കുടുങ്ങിയ പുലിയെ പുലർച്ചെ ഒരു മണിയോടെയാണ് പുറത്തെടുത്തത്.
പുലിക്ക് പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യം സാധാരണ നിലയിലാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം വന്യജീവി വിദഗ്ധരുടെ നിർദേശപ്രകാരം പുലിയെ വീണ്ടും കാട്ടിലേക്ക് വിട്ടയക്കുമെന്നാണ് തീരുമാനം.
പുലിയെ പിടികൂടാനായി ഇന്നലെയാണ് വനംവകുപ്പ് കിണറ്റിനുള്ളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ചെറിയ കൂട് സ്ഥാപിച്ചത്. പതിനഞ്ച് മീറ്റർ ആഴമുള്ള കിണറ്റിലേക്കാണ് പുലി വീണത്. കുര്യൻ എന്ന കർഷകന്റെ കൃഷിയിടത്തിലാണ് സംഭവം നടന്നത്.






