തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മാലയിലെ പുലിപ്പല്ലുമായി ബന്ധപ്പെട്ട പരാതിയില്‍ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിം ആണ് പട്ടിക്കാട് റെയിഞ്ച് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നത്.
രാവിലെ പത്തരയ്ക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുലിപ്പല്ലുമാല ഉപയോഗിച്ച കേസില്‍ വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നത്. തൃശ്ശൂരിലെ പൊതു ചടങ്ങില്‍ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്.
പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് പരാതിയുമായി രംഗത്തെത്തിയത്.
സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനമാണിതെന്നാണ് പരാതിയില്‍ പറയുന്നത്.






