കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം. രാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ ഹൃദയത്തിലിടം നേടിയ നേതാവായിരുന്നു ഇ കെ നായനാര്‍. ഭരണരംഗത്തും സംഘടനാ രംഗത്തും നായനാര്‍ സ്വീകരിച്ച നിലപാടുകള്‍ മാതൃകാപരമായിരുന്നു.
ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്ത നേതാവായിരുന്നു ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാര്‍.
ബാലസംഘത്തിലൂടെയായിരുന്നു നായനാര്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര സമരകാലയളവില്‍ കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച നായനാര്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയുടെ ഭാഗമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ച നായനാരെ കയ്യൂര്‍, മൊറാഴ സമരങ്ങളിലെ പങ്കാളിത്തം ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയെന്ന നിലയിലേയ്ക്ക് മാറ്റി. കയ്യൂര്‍ സമരത്തിലെ മൂന്നാം പ്രതിയായിരുന്ന നായനാര്‍ ഒളിവിലായിരുന്നതിനാല്‍ തൂക്കുകയറില്‍ നിന്നും രക്ഷപെടുകയായിരുന്നു. വിപ്ലവ സമരങ്ങളിലെ മുന്നണിപ്പോരാളിയായി രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിയ നായനാര്‍ ഭരണപാടവം കൊണ്ടും ജനങ്ങളോടുള്ള അടുപ്പം കൊണ്ടുമാണ് ഹൃദയങ്ങള്‍ കീഴടക്കിയത്.
പ്രസാദാത്മകതയായിരുന്നു നായനാരുടെ മുഖമുദ്ര. ഏത് സങ്കീര്‍ണസാഹചര്യത്തേയും അലിയിച്ചുകളയാന്‍ പോന്ന നര്‍മ്മമായിരുന്നു കൂട്ട്. എതിര്‍ചേരിയിലുള്ളവരോടു പോലും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
മൂന്നു തവണ മുഖ്യമന്ത്രിയും ആറു തവണ നിയസഭാംഗവും ഒരു തവണ ലോക്സഭാംഗവുമായി നായനാര്‍. ദരിദ്രരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടുത്തുകയെന്നതായിരുന്നു മുഖ്യമന്ത്രി നയനാരുടെ മികച്ച പ്രവര്‍ത്തനം . സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന നായനാര്‍ സൈദ്ധാന്തിക ശേഷിയുടെയോ സൈദ്ധാന്തിക പിടിവാശികളുടെയോ പേരിലായിരുന്നില്ല മറിച്ച് സമവായത്തിന്റെ പേരിലായിരുന്നു പാര്‍ട്ടിക്കുള്ളിലും സ്വീകാര്യനായത്.
1986ല്‍ ബദല്‍രേഖയുടെ പേരില്‍ എം വി രാഘവന്‍ പാര്‍ട്ടിക്ക് പുറത്തേയ്ക്ക് പോയപ്പോള്‍ 1987ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി നായനാരെ പാര്‍ട്ടി നിയോഗിച്ചു. പാര്‍ട്ടിയുടെ ശരി തെറ്റുകള്‍ തന്നെയാണ് സ്വന്തം ശരി തെറ്റുകള്‍ എന്ന് അംഗീകരിച്ച നായനാരുടെ ഈ നിലപാട് തന്നെയാണ് കാര്‍ക്കശ്യ ബുദ്ധിയില്ലാത്ത നേതാവ് എന്ന നിലയില്‍ നായനാരെ പാര്‍ട്ടിക്ക് അകത്തും പുറത്തും ഏവരുടെയുംപ്രിയങ്കരനാക്കിയത്. കേരളം കണ്ട ഏറ്റവും മികച്ച ഇടതുസ്വഭാവം ഉയര്‍ത്തിപ്പിടിച്ച മന്ത്രിസഭയ്ക്ക് 1987ല്‍ നേതൃത്വം നല്‍കിയ നായനാര്‍ മൂന്ന് തവണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ നായനാര്‍ വഹിച്ച നേതൃപരമായ മികവും ഏറെ ശ്രദ്ധേയമായിരുന്നു.
ബിജെപി കേരള മിഷന്‍ എന്ന സ്വപ്നം കാണാന്‍ തുടങ്ങുന്നതിന് മുമ്പ് നായനാര്‍ നടത്തിയ ഒരു വിമര്‍ശനം പലരും പലപ്പോഴായി സൂചിപ്പിച്ച് പോയിട്ടുണ്ട്. ‘താമര വിടരും, വൈകീട്ട് വാടും, പിന്നെ അത് അഴുകി വീഴും’ എന്ന നായനാരുടെ ആക്ഷേപഹാസ്യത്തിന് കേരളത്തില്‍ ഇന്നും നല്ല മൂര്‍ച്ചയുണ്ട്
2004 മേയ് 19-ന് നായനാര്‍ വിടവാങ്ങിയപ്പോള്‍ കേരളം വിതുമ്പി. ജനമനസ്സുകളില്‍ ആ നേതാവിനോടുള്ള സ്നേഹത്തിന്റെ തെളിവായിരുന്നു അന്ത്യയാത്രയില്‍ അണിചേര്‍ന്ന ജനസാഗരം.വിടപറഞ്ഞ് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം പിന്നിടുമ്പോഴും നായനാരെ ഓര്‍മ്മിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ തെളിയുക നിഷ്‌കളങ്കമായ ആ നിറഞ്ഞ ചിരി തന്നെയാകും.






