കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെയാകെ അറിയിക്കുന്നതായിരുന്നു കാർഗിലിൽ ഇന്ത്യ നേടിയ വിജയം. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്.
5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. ശക്തമായ ഏറ്റുമുട്ടൽ 72 ദിവസമാണ് നീണ്ടത്. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. ഒടുവിൽ പാക്കിസ്താന് പരാജയം സമ്മതിക്കേണ്ടിവന്നു. മലയാളികൾ ഉൾപ്പെടെ 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്.






