തൃശ്ശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിക്കാന്‍ അനുവാദം നല്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോള്‍ പിരിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബര്‍ 17നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചത്.
ഓഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചു.
ചിലയിടങ്ങളില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ദേശീയപാത അതോറിറ്റിയെ കൂടി പരിഗണിച്ചാണ് ടോള്‍ വിലക്ക് നീക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.
എന്നാല്‍ പുതുക്കിയ ടോള്‍ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്






