കൊച്ചി: കോതമംഗലത്ത് സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. കോട്ടപ്പടി ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ പടർന്നതോടെ യാത്രക്കാർ ഉടൻ ബസിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിച്ചതിനെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം നേരിട്ടെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായി.










