കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനത്തിനിടെ കൊക്കയിലേക്ക് വീണ മണ്ണ് മാന്തി യന്ത്രം ഉയർത്തുന്നതിനായാണ് നിയന്ത്രണം. കഴിഞ്ഞ ദിവസമാണ് എസ്കവേറ്റർ കൊക്കയിലേക്ക് മറിഞ്ഞത്.
ഇത് മുകളിൽ എത്തിക്കാൻ നടത്തിയ മുൻ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഇന്ന് ബേപ്പൂരിൽ നിന്നെത്തുന്ന ഖലാസിമാരുടെ സഹായത്തോടെ യന്ത്രം ഉയർത്താനുള്ള നടപടികൾ പുരോഗമിക്കും. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും പൂർണ നിയന്ത്രണവും, മറ്റു വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ആറാം വളവിൽ നവീകരണ പ്രവർത്തനത്തിനിടെയാണ് ഹിറ്റാച്ചി യന്ത്രം കൊക്കയിലേക്ക് വീണത്. ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയും, ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ നിർമാണവും നാളെ നടക്കും. രണ്ടാം വളവിനടുത്ത് കൾവെർട്ട് നിർമാണം തുടങ്ങുന്നതിനാൽ പകൽ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം തുടരുന്നതായും അധികൃതർ അറിയിച്ചു.






