കോട്ടയം: വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ക്കടത്ത്-കൊല്ലക്കൊമ്പ് റോഡ് കുണ്ടുംകുഴിയുമായി ഗതാഗതം താറുമാറായി. റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് ആറു ലക്ഷം രൂപ അനുവദിച്ചു. ഇത്തവണത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.
ഈ റോഡ് ടാറിംഗിനായി പ്രദേശവാസിയായ കോണ്‍ട്രാക്ടര്‍ കരാര്‍ എടുത്തു. എന്നാല്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെങ്കില്‍ വാട്ടര്‍ അഥോറിറ്റി തീരുമാനിക്കണം. റോഡിലൂടെ വാട്ടര്‍ അഥോറി അഞ്ഞൂറ്റിയൻപതു മീറ്റര്‍ കുടിവെള്ള പൈപ്പുലൈന്‍ സ്ഥാപിക്കണം. ഈ പൈപ്പ് സ്ഥാപിച്ചാല്‍ മാത്രമേ റോഡ് ഇനി ടാര്‍ ചെയ്യാന്‍ സാധിക്കൂ.
കഴിഞ്ഞ ആറു മാസമായി വാട്ടര്‍ അഥോറിറ്റി പൈപ്പുലൈന്‍ സ്ഥാപിക്കുന്നതും കാത്തിരിക്കുകയാണ് നാട്ടുകാര്‍. വലിയ പൈപ്പാണ് ഇവിടെ സ്ഥാപിക്കേണ്ടത്. റോഡിന്‍റെ ടാറിംഗ് പൂര്‍ത്തിയായാല്‍ വാട്ടര്‍ അഥോറിറ്റി ഉടനെത്തും റോഡ് വെട്ടിപ്പൊളിക്കാന്‍. അതൊഴിവാക്കാനാണ് പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് ടാര്‍ ചെയ്യാൻ അധികൃതര്‍ തീരുമാനിച്ചത്.




