മസ്കറ്റ്: ഒമാനിലെ സലാലയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ അധ്യാപികയും മൂന്ന് മക്കളുമുൾപ്പെടെ നാല് ഒമാൻ പൗരന്മാർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ശനിയാഴ്ച നടന്ന അപകടത്തിൽ ഇവർ സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
മരിച്ചവരുടെ മൃതദേഹങ്ങൾ റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് ഹെലികോപ്റ്റർ ഉപയോഗിച്ച് ഷാലിം-ഹല്ലാനിയാത്ത് ദ്വീപുകളിൽ നിന്ന് സ്വദേശമായ ജലാൻ ബാനി ബു അലി വിലായത്തിലേക്ക് എത്തിച്ചു.
സംഭവത്തിന് പിന്നാലെ റോയൽ ഒമാൻ പൊലീസ് വീണ്ടും റോഡ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യാത്രയ്ക്ക് മുമ്പ് മതിയായ വിശ്രമം ഉറപ്പാക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, വേഗപരിധി കർശനമായി പാലിക്കുക, ഗതാഗത നിയമങ്ങൾ ലംഘിക്കരുത് എന്നീ നിർദേശങ്ങളാണ് ഡ്രൈവർമാർക്ക് നൽകിയിരിക്കുന്നത്.
അതേസമയം, അപകടത്തിന് തലേദിവസം സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലൂടെ മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിച്ച രണ്ട് ഡ്രൈവർമാരെ ട്രാഫിക് വിഭാഗം പിടികൂടിയിരുന്നു. മൊബൈൽ സ്പീഡ് ഡിറ്റക്ഷൻ ക്യാമറകളിൽ രേഖപ്പെടുത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ഹൈവേകളിൽ പട്രോളിംഗും വേഗപരിശോധനയും ശക്തമാക്കുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.




