തിരുവനന്തപുരം: കണ്ണൂര്‍–തിരുവനന്തപുരം–കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് (12081/12082) ചങ്ങനാശ്ശേരിയില്‍ പുതിയ സ്റ്റോപ്പ്. ഒക്ടോബര്‍ 9-നു വ്യാഴാഴ്ച മുതൽ ഈ സ്റ്റോപ്പ് പ്രാബല്യത്തിലാകും. അതേ ദിവസം വൈകിട്ട് തിരുവനന്തപുരം മുതൽ കണ്ണൂരിലേക്കുള്ള സർവീസിലാണ് ആദ്യമായി ട്രെയിൻ ചങ്ങനാശ്ശേരിയിൽ നിലയ്ക്കുക.
നേരത്തെ മന്നം ജയന്തി ദിനങ്ങളിൽ മാത്രമേ ജനശതാബ്ദിക്ക് താത്കാലികമായി ചങ്ങനാശ്ശേരി സ്റ്റോപ്പ് ഉണ്ടായിരുന്നുള്ളൂ. പുതിയ സ്റ്റോപ്പ് സ്ഥിരമാകുന്നതോടെ ആലപ്പുഴ വഴി ചങ്ങനാശ്ശേരിയിലേക്കെത്തേണ്ടി വന്നിരുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഇനി മലബാറിൽ നിന്ന് നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്താനും അതേ ദിവസം മടങ്ങാനും സാധിക്കും. വർഷങ്ങളായി യാത്രക്കാർ അഭിമുഖീകരിച്ചിരുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടത്തിയ നിരന്തരമായ ശ്രമങ്ങളാണ് ഫലപ്രദമായതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മുൻപ് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ യാത്രക്കാർ കോട്ടയത്ത് ഇറങ്ങി റോഡ് മാർഗം യാത്ര തുടരേണ്ടി വന്നിരുന്നു.
ജനശതാബ്ദി എക്സ്പ്രസ് രാവിലെ 4.50ന് കണ്ണൂരിൽ നിന്നു പുറപ്പെടുന്നു, ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരം സിറ്റി സ്റ്റേഷനിൽ എത്തുന്നു. തിരിച്ചുള്ള സർവീസ് ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും, രാത്രി 12.50ന് കണ്ണൂരിൽ എത്തിച്ചേരും.






