കോപ്പൻഹേഗ്: ഡെൻമാർക്കിലെ വനമേഖലയിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് അപകടം ഉണ്ടായത്. ഹില്ലെറോഡ്, കാഗറപ്പ് പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് രണ്ട് പ്രാദേശിക ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
വനമേഖലയിൽ ഉണ്ടായ അപകടമായതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറിയതായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ട്രെയിനിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്നും എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തു എന്നും അധികൃതർ അറിയിച്ചു. അപകടസമയത്ത് ട്രെയിനിൽ 38 പേരുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഗ്നൽ സംവിധാനത്തിലെ പിഴവോ മറ്റ് സാങ്കേതിക തകരാറുകളോ കാരണമാണോ എന്ന് പരിശോധിക്കുന്നു. അപകടത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ട്രെയിനുകളുടെ ബോഗികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.




