ന്യൂഡൽഹി: ട്രാൻസ്ജെൻഡർ നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തുകയും അതിക്രമങ്ങൾക്ക് കർശന ശിക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്യുന്ന ട്രാൻസ്ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി വീരേന്ദ്ര കുമാറാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
പുതുക്കിയ നിർവചനപ്രകാരം വ്യത്യസ്ത ലൈംഗിക ആഭിമുഖ്യങ്ങളോ സ്വയം തിരിച്ചറിഞ്ഞ ലൈംഗിക സ്വത്വങ്ങളോ ഉള്ളവരെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്തില്ല. പകരം മെഡിക്കൽ ബോർഡിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്ജെൻഡർ അംഗീകാരം നൽകുക. ബില്ലിലെ വ്യവസ്ഥ പ്രകാരം കിന്നർ, ഹിജഡ, അരവാണി തുടങ്ങിയ വിഭാഗങ്ങളെയും ജനിതകമായോ ശാരീരികമായോ വ്യത്യാസങ്ങളുള്ളവരെയും ട്രാൻസ്ജെൻഡർ നിർവചനത്തിൽ ഉൾപ്പെടുത്തും.
ട്രാൻസ്ജെൻഡർ വ്യക്തിയായി അംഗീകാരം നൽകുന്നതിന് ജില്ലാ മജിസ്ട്രേറ്റിനൊപ്പം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്രഭരണ പ്രദേശങ്ങൾക്കോ കീഴിലുള്ള ചീഫ് മെഡിക്കൽ ഓഫീസറുടെയോ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറുടെയോ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനെ അതോറിറ്റിയായി നിയമിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.






