എറണാകുളം: എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറും ജീപ്പും കൂട്ടിയിടിച്ചു. നേര്യമംഗലം ആർച്ച് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ട്രാവലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജീപ്പ് മറിഞ്ഞിരുന്നു. മാമലക്കണ്ടം സന്ദർശിക്കാൻ പോവുകയായിരുന്ന ബന്ധുക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം വളാഞ്ചേരി സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പതിനാല് അംഗ സംഘമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ച ട്രാവലർ ജീപ്പിൽ തട്ടുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.




