ബെംഗളൂരു: ബെംഗളൂരുവിലെ കൊണനകുണ്ടെയിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച നടത്തിയതായി പരാതി. വെള്ളിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. പാവമ്മ നഗറിലെ ബി.ജി. റോഡിലുള്ള വാടകവീട്ടിൽ താമസിക്കുന്ന മൂന്ന് വിദ്യാർഥികളെയാണ് ആറംഗ സംഘം ആക്രമിച്ചത്. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച സംഘം ഇവരിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ കവർന്നു.
അതിന് പിന്നാലെ ഭീഷണിപ്പെടുത്തി 10,000 രൂപ ഗൂഗിൾ പേ വഴി അയപ്പിക്കുകയും ചെയ്തു. ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുന്ന വിദ്യാർഥികളാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ വിദ്യാർഥികളെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വീടിന്റെ മുൻവാതിൽ പൂട്ടിയിരുന്നെങ്കിലും പ്രതികൾ പിൻവശത്തുകൂടിയാണ് അകത്ത് കയറിയത്. ആക്രമണസമയത്ത് അവർ തമിഴിൽ സംസാരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൊണനകുണ്ടെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പണം അയച്ച ഫോൺ നമ്പറും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.




