കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറും കല്ലേറും. ശനിയാഴ്ച ഹൂഗ്ലിയിലെ ശ്രീറാംപൂരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉത്തർപാര മേഖലയിൽ വച്ച് കരിങ്കൊടിയുമായി എത്തിയ സംഘം ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ച് വാഹനം വളയുകയായിരുന്നു. പിന്നാലെ കാറിന് നേരെ മുട്ടയും കല്ലും എറിയുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു.
സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കുനാൽ ഘോഷ് എക്സിലൂടെ രംഗത്തെത്തി. സംഭവസ്ഥലത്ത് ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കാറിന് നേരെ കല്ലും മുട്ടയും എറിഞ്ഞതായും റോഡ് ഉപരോധിച്ചതായും കുനാൽ ഘോഷ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകാൻ കൊൽക്കത്തയിലെ ലാൽബസാറിലേക്കോ ഭവാനി ഭവനിലേക്കോ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മമത ബാനർജിയുടെ റാലിയിലേക്ക് ആളുകൾ എത്തുന്നത് തടയാൻ ബിജെപിയും പൊലീസും ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് തൃണമൂൽ നേതാവ് ആസിത് മജൂംദാറും ആരോപിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് ശ്രീറാംപൂരിൽ മമത ബാനർജിയുടെ റാലി നടക്കുന്നത്. കൊൽക്കത്ത ഹൈക്കോടതി ഉപാധികളോടെയാണ് റാലിക്ക് അനുമതി നൽകിയിരിക്കുന്നത്.














