പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആലത്തൂരിലെ തൃപ്പാളൂർ ശിവക്ഷേത്രത്തിന് സമീപം ഗായത്രി പുഴയ്ക്ക് കുറുകെ നിർമിച്ച തൃപ്പാളൂർ തൂക്കുപാലം പൊതുജനങ്ങൾക്ക് തുറന്നു നൽകിയെങ്കിലും പാലത്തോടൊപ്പം പ്രഖ്യാപിച്ച ഉദ്യാനവും കളിയിടവും ഇപ്പോഴും പൂർത്തിയാകാതെ തുടരുന്നു.
ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപം തേനാരിപ്പറമ്പിൽ നിന്നാണ് പാലം നിർമിച്ചിരിക്കുന്നത്. പുഴയുടെ ഭംഗി ആസ്വദിക്കാനും വൈകുന്നേരങ്ങളിൽ കുടുംബസമേതം സമയം ചെലവഴിക്കാനും അനുയോജ്യമായ ഇടമായി ഇവിടം മാറുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
എന്നാൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്നതിനെ തുടർന്നാണ് ഉദ്യാന-പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസം തന്നെ പാലത്തിന്റെ കൈവരികൾ തകർന്നത് വിവാദമായിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചില കൈവരികൾ ഇപ്പോഴും ഇളകുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ഏകദേശം അഞ്ച് കോടി രൂപ ചെലവിൽ 2022 ഏപ്രിലിലാണ് നിർമാണം ആരംഭിച്ചത്. പ്രവേശനപാതയുടെ പൂർത്തീകരണം, പാലത്തിന്റെ ഇരുകരകളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, പാലത്തിന്മേൽ ലൈറ്റിംഗ് സംവിധാനം ഒരുക്കൽ എന്നിവ ഇപ്പോഴും ബാക്കിയുണ്ട്. ഉദ്യാനത്തിൽ പൂച്ചെടികൾ നട്ട്, സിമന്റ് ഇരിപ്പിടങ്ങൾ ഒരുക്കി സൗകര്യങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി.
നിലവിലുള്ള മരങ്ങൾക്ക് ചുറ്റും തറകെട്ടി സംരക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രത്തിന്റെ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ പദ്ധതിയും ഉദ്ഘാടനം ചെയ്യുമെന്നു പറയുന്നുണ്ടെങ്കിലും നിലവിൽ പ്രവൃത്തികൾ നിർത്തിവെച്ച നിലയിലാണ്. നാട്ടുകാർ വേഗത്തിൽ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെടുന്നു.




