തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാലത്തെ ട്രോളിങ് നിരോധനം.
ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ വിലക്കുണ്ട്. രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിങും കർശനമായി നിരോധിച്ചു. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിർത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകൾക്ക് തീരത്ത് വിലക്കുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവുണ്ട്. ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ പോയി ഇവർക്ക് മീൻ പിടിക്കാം. നിരോധനം ലംഘിക്കുന്നവർ കർശന നിയമ നടപടി നേരിടേണ്ടി വരും.





