വാഷിങ്ടൺ: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. എന്നാൽ, അത്തരമൊരു നിർദേശം താൻ നിരസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ ഭരണനേതൃത്വത്തിൽ ഉണ്ടായ ശൂന്യത നികത്താനായാണ് ഈ നിർദേശം ഉണ്ടായതെന്നാണ് ട്രംപ് പറയുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പിൻഗാമിയായി തിരഞ്ഞെടുത്തുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ യുദ്ധം ആരംഭിച്ചതിനുശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇറാനുമായുള്ള സംഘർഷം അവസാനഘട്ടത്തിലാണെന്നും സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തലിനുള്ള തയ്യാറെടുപ്പിലാണ് ഇറാൻ എന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ, അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു.
വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇറാൻ തള്ളിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ അഞ്ച് നിബന്ധനകൾ മുന്നോട്ടുവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലെ പരമാധികാരം അംഗീകരിക്കൽ, ആക്രമണങ്ങൾ അവസാനിപ്പിക്കൽ, വീണ്ടും യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകൽ, യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകൽ തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.





