വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സ്പെയിനിനെതിരെ കടുത്ത ഭീഷണിയുമായി രംഗത്തെത്തി. ഇറാനെതിരായ യുഎസ്–ഇസ്രയേൽ സംയുക്ത സൈനിക നടപടിക്ക് പിന്തുണ നൽകാത്തതിനെ തുടർന്ന് സ്പെയിനുമായുള്ള എല്ലാ വ്യാപാരവും അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ജർമ്മൻ ചാൻസലർ ഫ്രിഡ്റിച്ച മെർസ് ഒപ്പമുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോടാണ് ട്രംപ് പ്രതികരിച്ചത്.
സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മനുവേൽ അൽബേർസ് , ഐക്യരാഷ്ട്രസഭ ചട്ടങ്ങൾ ലംഘിക്കുന്ന ആക്രമണങ്ങൾക്ക് സ്പെയിനിലെ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. എന്നാൽ ആവശ്യമായാൽ താവളം ഉപയോഗിക്കാമായിരുന്നുവെന്നുമാണ് ട്രംപിന്റെ പ്രതികരണം.
സ്പെയിൻ യൂറോപ്യൻ യൂണിയൻ അംഗമായതിനാൽ ഏകപക്ഷീയമായി വ്യാപാരം അവസാനിപ്പിക്കാൻ യുഎസിന് എങ്ങനെ സാധിക്കുമെന്നത് വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാറ്റോ പ്രതിരോധ ചെലവ് 5% ആയി ഉയർത്താൻ സമ്മതിക്കാത്തതും ട്രംപിന്റെ അസന്തോഷത്തിന് കാരണമായിട്ടുണ്ട്. ഇതിന് മറുപടിയായി, യുഎസ് ഉപരോധത്തെ നേരിടാൻ ആവശ്യമായ വിഭവങ്ങൾ തങ്ങള്‍ക്കുണ്ടെന്ന് സ്പാനിഷ് സർക്കാർ അറിയിച്ചു.



