വാഷിങ്ടണ്‍: നൊബേല്‍ സമാധാന പുരസ്‌കാരത്തിന് വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും നിരവധി സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് 2026ലെ നൊബേല്‍ സമാധാന പുരസ്‌കാരം തനിക്ക് ലഭിക്കണമെന്ന് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ചെയ്തത്’ എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും താന്‍ ഇതിനകം ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നൊബേല്‍ കമ്മിറ്റി തന്നെ പരിഗണിച്ചില്ലെങ്കില്‍ അത് കമ്മിറ്റിക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ‘നൊബേല്‍ പുരസ്‌കാരത്തിന് എന്നേക്കാള്‍ അര്‍ഹനായ മറ്റൊരാള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ലോകത്തിന്റെ സമ്പൂര്‍ണ നാശം തടഞ്ഞു.’ -ട്രംപ് പറഞ്ഞു.


