പാലക്കാട്: ഇ.എൻ. സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന കാര്യം തന്റെ അറിവിലില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടായാൽ തങ്ങളെല്ലാവരും പെൺകുട്ടികൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും ശൈലജ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയാതെ അത് പൊലീസിന് കൈമാറുമോ ഇല്ലയോ എന്ന് പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. തന്റെ അറിവിൽ സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ശൈലജ ആവർത്തിച്ചു.
ചർച്ചയുടെ ഭാഗമായാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോഴേ അറിയാനാകൂവെന്നും ശൈലജ പറഞ്ഞു. വ്യക്തിപരമായി ചുമതലയിൽ നിന്ന് മാറാൻ തീരുമാനിച്ചാലും പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്നും അവർ വ്യക്തമാക്കി.
സുരേഷ് ബാബുവിനെതിരെ അത്തരമൊരു പരാതി ലഭിച്ചതായി അറിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലായാലും മറ്റാരെങ്കിലുമായാലും ആരെയും കരുതിക്കൂട്ടി പ്രതിയാക്കണമെന്ന് പാർട്ടി കരുതുന്നില്ലെന്നും ശൈലജ പറഞ്ഞു. കൃത്യമായ തെളിവുകൾ സഹിതം പരാതി ലഭിച്ചാൽ പെൺകുട്ടികൾക്കൊപ്പം നിൽക്കും. തന്റെ ശ്രദ്ധയിൽ സുരേഷ് ബാബുവിനെതിരെ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
പൊലീസിന് കൈമാറേണ്ട പരാതികൾ സി.പി.ഐ.എം പൂഴ്ത്തിവയ്ക്കാറില്ലെന്നും അത്തരമൊരു പരാതി ലഭിച്ചാൽ ഗുരുതരമായ വിഷയമാണെങ്കിൽ പൊലീസിന് കൈമാറുമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.



