മസ്‌കറ്റ്: ഇറാനെതിരായ യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒമാനിൽ ഡ്രോൺ തകർന്നുവീണ് രണ്ട് പ്രവാസികൾ മരിച്ചു. സൊഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിനിടെ മറ്റൊരു ഡ്രോണും പ്രദേശത്ത് തകർന്നു വീണെങ്കിലും അതിൽ ആരും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സംഭവം. ഇറാന്റെ കൂടുതൽ ഡ്രോണുകൾ ഇന്നലെ കുവൈത്ത്, യു.എ.ഇ, ഇറാക്ക്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ടെത്തിയിരുന്നു. ഒമാനിലെ മിന അൽ ഫഹൽ എണ്ണ ടെർമിനലിലെ കപ്പലുകൾ സുരക്ഷാ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. യു.എ.ഇയിലെ ജബേൽ അലിക്ക് വടക്കായി ‘സോഴ്സ് ബ്ലെസ്സിംഗ്’ എന്ന ചൈനീസ് ചരക്കുകപ്പലിനും മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഖത്തറിൽ നിന്ന് ഒമാനിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഇതിനിടെ യുദ്ധത്തിൽ ജയിച്ചുവെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയപ്പോൾ, അമേരിക്കൻ എണ്ണ ടാങ്കർ ഉൾപ്പെടെ മൂന്ന് കപ്പലുകൾ കത്തിച്ചാണ് ഇറാൻ തിരിച്ചടിച്ചത്. ശത്രുക്കൾക്ക് സമ്മർദ്ദം സൃഷ്ടിക്കാൻ ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിൽ തന്നെ തുടരുമെന്നും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി പ്രഖ്യാപിച്ചു. കപ്പലുകൾക്ക് സൈനിക അകമ്പടി നൽകുമെന്ന നിലപാടിൽ നിന്ന് യു.എസ് പിൻമാറിയതായും റിപ്പോർട്ടുകളുണ്ട്.






