കോട്ടയം: എൽഡിഎഫ് സർക്കാരിൻ്റെ ദുർഭരണവും നിലമ്പൂരിനോടുള്ള അവഗണനയും വോട്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ഉമ്മൻ ചാണ്ടി പിതൃതുല്യനായിരുന്നു. പിതാവിനൊപ്പം പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ഒപ്പമുണ്ട്. അദ്ദേഹം നിലമ്പൂരിനെ ഒരുപാട് സ്നേഹിച്ച വ്യക്തിയായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രചാരണ രംഗത്ത് യുഡിഎഫ് ഒരുപാട് മുന്നിലാണ്. എതിർ സ്ഥാനാർഥി കൂടി വരുമ്പോഴാണ് തിരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നത്. പ്രതിരോധ നിരയിൽ ആളുണ്ടെങ്കിലേ ഫോർവേഡിന് ഗോൾ അടിക്കാൻ ആവേശം വരൂ. എൽഡിഎഫ് സ്ഥാനാർഥിയായി എം.സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഷൗക്കത്തിന്റെ പ്രതികരണം. അൻവർ വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






