മലപ്പുറം: യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിന്റെ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ് നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട നിർണായക വിഷയം നിലനിൽക്കുമ്പോൾ മുന്നണിക്കുള്ളിൽ ഇത്തരമൊരു വിവാദം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിവാദം തുടരേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചില കാര്യങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് തീരുമാനിച്ചതെന്നും ഇനിയും നിരവധി നിയമനങ്ങളിൽ തീരുമാനമെടുക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നുള്ള തീരുമാനങ്ങളോടെ എല്ലാവരുടെയും പരാതികൾ അവസാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യുഡിഎഫിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന അടൂർ പ്രകാശിന്റെ വിമർശനത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് അതൃപ്തി. അടൂർ പ്രകാശിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലുമാണെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം.കെ. മുനീറിന് നൽകാൻ നേരത്തെ ധാരണയായിരുന്നുവെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. മുന്നണി യോഗം വിളിക്കാൻ ചുമതലയുള്ള കൺവീനർ തന്നെ വിഷയത്തിൽ വ്യത്യസ്ത നിലപാട് പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നും ലീഗ് നേതാക്കൾ വിലയിരുത്തുന്നു.
അതിനിടെ, ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.




