തിരുവനന്തപുരം: പഞ്ചായത്തിന്റെ 4 മുൻ പ്രസിഡന്റുമാരടക്കം ഒരു ഡസനിലധികം മുൻ ജനപ്രതിനിധികളും 6 ഇടത്ത് ജനസമ്മതിയുള്ള റിബലുകളും തിരഞ്ഞെടുപ്പിൽ പത്രിക നൽകിയതോടെ മംഗലപുരം പഞ്ചായത്തിൽ ഇക്കുറി പോരാട്ടം തീപാറും. 20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും പുതിയൊരു മാറ്റത്തിന് എൻഡിഎയും പലവിധ അടവുനയങ്ങളുമായി പ്രചാരണ രംഗത്തു സജീവമായി. ഇടതുപക്ഷത്തിന്റെ രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഇത്തവണ നേർക്കുനേർ ഏറ്റുമുട്ടുന്നത് എൽഡിഎഫിനും മുൻ പഞ്ചായത്ത് അംഗങ്ങളായ 3 പേരടക്കം 4 നേതാക്കൾ റിബലായി മത്സരിക്കുന്നതു യുഡിഎഫിനും തലവേദനയായി. ബിജെപി നേതാവ് തോന്നയ്ക്കൽ രവി പഞ്ചായത്ത് അംഗത്വം രാജിവച്ച് കോൺഗ്രസിൽ ചേർന്നത് ബിജെപിക്കും തിരിച്ചടിയായി.
കഴിഞ്ഞ തവണ എൽഡിഎഫ്–7, യുഡിഎഫ്–4, എൻഡിഎ–3, സ്വതന്ത്രർ–6 എന്നതായിരുന്നു കക്ഷിനില. സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ ഭരണം നടത്തിയ എൽഡിഎഫിന് ഇത്തവണ കടുത്ത പരീക്ഷണം നേരിടേണ്ടി വരുമെന്നുറപ്പ്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഇടവിളാകം സുമ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഎം സ്ഥാനാർഥിക്ക് എതിരെ സ്വതന്ത്രയായി മത്സരത്തിനിറങ്ങിയതാണ് പ്രധാന വെല്ലുവിളി.
കഴിഞ്ഞ തവണ സുമയ്ക്കൊപ്പം പഞ്ചായത്ത് അംഗമായി പ്രവർത്തിച്ച കവിതയെയാണ് സുമ നേരിടുന്നത്. പഞ്ചായത്തിലെ മുൻ പ്രസിഡന്റായിരുന്ന കവിത, കഴിഞ്ഞ തവണ ജനറൽ സീറ്റിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച ജനതാദൾ നേതാവ് മംഗലപുരം ഷാഫിയെയാണ് തോൽപ്പിച്ചത്. മുന്നണി മര്യാദ ലംഘിച്ചു മത്സരിച്ച കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. മംഗലപുരം ഷാഫി, വേങ്ങോട് മധു തുടങ്ങിയവരാണ് ഇക്കുറി ഇടതുമുന്നണിക്കു വേണ്ടി മത്സരിക്കുന്ന മുൻ പ്രസിഡന്റുമാർ.
വാലിക്കോണം വാർഡിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അഡ്വ.എസ്.ഷിബു റിബലായി മത്സര രംഗത്ത് എത്തിയതോടെ ഇവിടെയും മത്സരം കടുക്കും. 2021 വരെ 7 വർഷം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ സിപിഎമ്മിന്റെ വാലികോണം ബ്രാഞ്ച് അംഗമാണ്. സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് നിലവിലെ 2 പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് മുൻ അംഗവും അടക്കം 4 കോൺഗ്രസ് നേതാക്കളാണ് റിബൽ സ്ഥാനാർഥികളായി പത്രിക നൽകിയത്.
കോഴിമട വാർഡിലെ നിലവിലെ അംഗം എസ്.ശ്രീചന്ദ് മുരുക്കുംപുഴ വാർഡിലും മംഗലപുരം വാർഡ് അംഗം അജയരാജ് മുരിങ്ങമൺ വാർഡിലും മംഗലപുരം വാർഡിൽ മുംതാസും പാട്ടം വാർഡിൽ കോൺഗ്രസ് നേതാവ് കമാലുദീനും മത്സരിക്കും. കോൺഗ്രസിന്റെ കുത്തക വാർഡായ മുരുക്കുംപുഴയിൽ റിബൽ സ്ഥാനാർഥി മത്സരിക്കുന്നത് എൽഡിഎഫിന് ആശ്വാസമായി.
വാർഡ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ഡിവൈഎഫ്ഐ നേതാവ് എസ്.വിധീഷിനെയാണ് എൽഡിഎഫ് ഇവിടെ മത്സരിപ്പിക്കുന്നത്. അതേസമയം റിബലുകൾ യാതൊരുവിധ ഭീഷണിയും ആകില്ലെന്നും ഇത്തവണ ഭരണം പിടിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ഭരണവിരുദ്ധ വികാരവും മംഗലപുരത്തെ വികസനമില്ലായ്മയും വോട്ടാകുമെന്നാണു യുഡിഎഫ് നേതാക്കൾ പറയുന്നത്. പഞ്ചായത്ത് മുൻ അംഗം അഡ്വ.ഹാഷിമിന്റെ നേതൃത്വത്തിൽ ജനസമ്മതരായ സ്ഥാനാർഥികളെയാണ് കോൺഗ്രസ് രംഗിറക്കിയിട്ടുള്ളത്. സിപിഎം വിട്ട് ബിജെപിയിൽ എത്തിയ സിപിഎം മുൻ ഏര്യാസെക്രട്ടറി മധുമുല്ലശേരിയുടെ കരുത്തിലാണ് ഇത്തവണ എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മധുമുല്ലശേരിയുടെ വ്യക്തി ബന്ധങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സിപിഎം കേന്ദ്രങ്ങളിൽ നിന്നു വോട്ട് ചോർത്താമെന്നാണു എൻഡിഎയുടെ കണക്കുകൂട്ടൽ.
അതേസമയം കഴിഞ്ഞ തവണത്തെക്കാൾ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതെ വന്നാൽ അത് ബിജെപിക്കും പ്രത്യേകിച്ച് മധുമുല്ലശേരിക്കും ക്ഷീണമാകും. അതു കൊണ്ട് തന്നെ ബിജെപിക്ക് അഭിമാനപോരാട്ടമാണിവിടെ.






