കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യു.ഡി.എഫ്. മെമ്പർമാർക്ക് ആരാമ്പ്രം നൽകിയ സ്വീകരണം ചരിത്രമായി. വാർഡ് 12, 13, 14, 15 എന്നിവിടങ്ങളിൽ നിന്ന് വിജയിച്ച അസറുദ്ദീൻ (12), സഫിയ മുഹമ്മദ് (13), സാലിഹ ഇബ്രാഹിം (14), സക്കീന മുഹമ്മദ് (15) എന്നിവരുടെ ആഹ്ലാദ പ്രകടനത്തിൽ നൂറുകണിക്കിന് ആളുകളാണ് അണിനിരന്നത്.
ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആമിന മുഹമ്മദ്, ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച മുഹമ്മദൻസ്, കൂടാതെ പത്താം വാർഡ് മെമ്പർ സോഷ്മ സുർജിത് എന്നിവരും റാലിയിൽ പങ്കെടുത്തു. പുല്ലോറമ്മൽ സ്കൂൾ ചോലക്കാരത്താഴം വച്ച് ആരംഭിച്ച റാലി, കൊച്ചുണ്ണി, പുള്ളിക്കോത്ത്, ചക്കാലക്കൽ, മേലെ ആരാമ്പ്രം, കൊട്ടക്കാവയൽ എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെ നീങ്ങി.
ജനസഞ്ചയത്തിന്റെ അകമ്പടിയോടെ രാത്രി 8:30 തോടെ ആരാമ്പ്രം അങ്ങാടിയിൽ വെച്ച് റാലി സമാപിച്ചു. പ്രകടനത്തിന് അകമ്പടിയായി നാസിക് ഡോൾ, ശിങ്കാരിമേളം, അഗ്നി കലാപ്രദർശനം, വെടിക്കെട്ട്, 50,000 വാട്ട്‌സിന്റെ ഡി.ജെ. ഷോ എന്നിവ അണിനിരന്നപ്പോൾ പ്രദേശം ആവേശത്തിമിർപ്പിലായി. റാലി കാണുന്നതിനായി നിരവധി സ്ത്രീകളും കുട്ടികളും പാതയോരങ്ങളിൽ തടിച്ചുകൂടിയിരുന്നു.






