കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിൽ യുഡിഎഫിന് ലഭിച്ച ഐതിഹാസിക വിജയത്തിന് നന്ദി അറിയിച്ചുകൊണ്ട് സംഘടിപ്പിച്ച യുഡിഎഫ് ഡിജെ ഷോ ഇന്നലെ വൈകിട്ട് 7 മണിക്ക് പെരുമണ്ണയിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. വള്ളിക്കുന്നിൽ നിന്നും കൊട്ടാഴി താഴം വരെ നീണ്ടുനിന്ന ആഘോഷപരിപാടി പെരുമണ്ണ ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ ഉത്സവമായി മാറുകയായിരുന്നു.
വിജയത്തിന്റെ ആവേശത്തിൽ സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. സംഗീതത്തിന്റെയും പ്രകാശ അലങ്കാരങ്ങളുടെയും അകമ്പടിയോടെ മുന്നേറിയ ഡി.ജെ. ഷോ പെരുമണ്ണയുടെ തെരുവുകളെ ആഘോഷവേദിയാക്കി. ജനങ്ങൾ സ്വമേധയാ അണിനിരന്ന പരിപാടി യു.ഡി.എഫ് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ഐക്യദാർഢ്യം പ്രകടമാക്കി.
പെരുമണ്ണയിൽ തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് പ്രതിനിധികൾക്ക് ജനങ്ങൾ നൽകിയ സ്വീകരണം ഹൃദയസ്പർശിയായിരുന്നു. ഇത് അഹങ്കാരമായി കൊണ്ടുനടക്കില്ലെന്നും, മറിച്ച് വലിയ ഉത്തരവാദിത്വമായി ഏറ്റെടുത്ത് ജനങ്ങളുടെ പ്രതീക്ഷകൾ കൃത്യമായി നിറവേറ്റുമെന്നും നേതാക്കൾ പറഞ്ഞു. പെരുമണ്ണയുടെ വികസനത്തിനായി എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
“ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ വിജയം മാത്രമല്ല, പെരുമണ്ണ ജനതയുടെ വിജയമാണ്” എന്ന സന്ദേശമാണ് പരിപാടിയിലൂടെ ഉയർന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതോടൊപ്പം, പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് യു.ഡി.എഫ് പ്രതിനിധികൾ പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.
പെരുമണ്ണയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ് ഈ വിജയം എന്നാണ് പൊതുവായ വിലയിരുത്തൽ. വിജയാഘോഷം നിയന്ത്രിതവും സമാധാനപരവുമായ രീതിയിൽ നടന്നത് ജനങ്ങളുടെ രാഷ്ട്രീയ പക്വതയെയും ഐക്യബോധത്തെയും വ്യക്തമാക്കുന്നു. ഒരുമിച്ചു മുന്നേറി പെരുമണ്ണയെ മുന്നോട്ടു കൊണ്ടുപോകണമെന്ന സന്ദേശത്തോടെയാണ് യു ഡിഎഫ് ഡിജെ ഷോ സമാപിച്ചത് .






