മലപ്പുറം: താനാളൂർ പഞ്ചായത്തിൽ യു.ഡി ‘എഫിന് അഭൂത പൂർവ്വമായ വിജയം നേടാനായതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ പടുകൂറ്റൻ ആഹ്ലാദം പ്രകടനം ചരിത്ര സംഭവമായി. പ്രകടനം യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതായി മാറി. പ്രതീക്ഷിച്ചതിൽ കൂടുതൽ വിജയമാണ് തെരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽ.ഡി.എഫിന് രണ്ടക്കം തികക്കാനുള്ള എണ്ണം വിജയിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നത് അക്ഷരംപ്രതി അന്വർത്തമാവുകയാണുണ്ടായത്.
24 സീറ്റിൽ 17 സീറ്റ് യു. ഡി. എഫ് നേടിയപ്പോൾ കേവലം 7 സീറ്റ് കൊണ്ട് എൽ.ഡി.എഫിന് തൃപ്തിയടയേണ്ടിവന്നു. ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്കെല്ലാം തന്നെ വൻഭൂരിപക്ഷമാണ് നേടാനായത്. ഒരു മാസക്കാലത്തെ ശക്തമായ യു.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം കിട്ടിയതായി തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കെ. പുരം മൂലക്കലിൽ നിന്നും ആരംഭിച്ച ശക്തി പ്രകടനം പുത്തൻ തെരുവ്, വട്ടത്താണി വഴി താനാളൂരിൽ സമാപിച്ചു.
വാദ്യ മേളകളുടേയും കരിമരുന്നിൻ്റെയും അകമ്പടിയോടെ നടത്തപ്പെട്ട ശക്തിപ്രകടനത്തിൽ ആയിരങ്ങളാണ് പങ്കാളികളായത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ പ്രകടനത്തിനു മുമ്പിൽ അണിനിരന്നു. തുടർന്ന് യു.ഡി.എഫ് നേതാക്കളും അവർക്ക് പിന്നിൽ പ്രവർത്തകരും. പ്രകടനം വീക്ഷിക്കാൻ റോഡിന്റെ ഇരുവശങ്ങളിലും സ്ത്രീകളടക്കം വൻ ജനാവലിയാണ് തടിച്ചു കൂടിയത്.






