കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സിനിമാ നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൂടാതെ 66.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ട് കേസുകളിലായി കൊച്ചിയിലെ പിഎംഎൽഎ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവും മുളംതുരുത്തി സ്വദേശികളായ ദമ്പതികളായ ബിജു വർഗീസും ഡാർലി ബിജുവും നൽകിയ പരാതികളിലാണ് കോടതി നടപടി.
രാജേഷ് മാത്യുവിൽ നിന്ന് യുകെ വിസ നൽകാമെന്ന വാഗ്ദാനത്തിൽ 2011ൽ രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയിരുന്നു. വിസ ലഭ്യമാക്കാത്തതിനെ തുടർന്ന് 2012ൽ 25 ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ ചെക്ക് മടങ്ങി. തുടർന്ന് നൽകിയ പരാതിയിൽ രാജേഷ് മാത്യുവിനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
മറ്റൊരു കേസിൽ ബിജു വർഗീസിനും ഭാര്യ ഡാർലി ബിജുവിനും യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് ജോബി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ന്യൂ കാസ്റ്റിലിൽ ഒരു ‘ഓഫ് ലൈസൻസ്’ ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടണിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് പ്രവേശനം ഉറപ്പാക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇതിന്റെ അടിസ്ഥാനത്തിൽ യുകെയിലെത്തിയ ദമ്പതികൾക്ക് അവിടെ നിന്നാണ് തട്ടിപ്പ് മനസിലായത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും ഇവർ മൊഴി നൽകി. ഈ കേസിൽ രണ്ട് വർഷം തടവും 16.52 ലക്ഷം രൂപ പിഴയും കോടതിവിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






