മലപ്പുറം: എടയൂർ പഞ്ചായത്തിലെ പലേമ്പറമ്പ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിൻ മുകളിലെ മൺകൂനകളിൽ നിന്നാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ 40ലേറെ വീടുകൾക്ക് അപകടഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
കുന്നിന്റെ മുകൾഭാഗം പൂർണമായും ഇടിച്ചുനിരത്തിയ നിലയിലാണുള്ളത്. ഇന്നലെ വൈകിട്ടും സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കുന്നിടിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നതെന്നാണ് വിവരം.
പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെയാണ് കുന്നിടിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രണ്ട് വർഷം മുമ്പ് ക്വാറി പ്രവർത്തനം നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് ഇടപെട്ട് പ്രവർത്തനം നിർത്തിവെച്ചിരുന്നുവെന്നും, നിലവിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്തിന് വിവരം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് കുന്നിൽ വിള്ളലുകൾ രൂപപ്പെട്ടത്. ഇന്നലെയും പുതിയ വിള്ളലുകൾ കണ്ടെത്തിയതോടെ പ്രദേശവാസികളുടെ ആശങ്ക വർധിച്ചു. മഴ ശക്തമായാൽ കൂടുതൽ മണ്ണിടിച്ചിലിനും സമീപ പ്രദേശങ്ങളായ വടക്കുമ്പുറം, ചേനാടൻ, കുളമ്പ് എന്നിവിടങ്ങളിലെ വീടുകൾക്ക് അപകടമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ജിയോളജി വകുപ്പ് നേരത്തെ നടത്തിയ പരിശോധനയിൽ മഴവെള്ളം സുരക്ഷിതമായി ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും, എന്നാൽ സ്ഥലം ഉടമ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വിഷയത്തെക്കുറിച്ച് ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. സ്ഥലത്ത് കൂടുതൽ പരിശോധനകളും സുരക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.




