ന്യൂഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയമപരമായ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഇതുസംബന്ധിച്ച് നിയമപരമായ ബാധ്യത നൽകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്.
പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ഉണ്ടാക്കുന്ന കരാറുകൾ നിയമപരമായി അസാധുവാണെന്ന സുപ്രീം കോടതിയുടെയും ഹർജിക്കാരായ ‘ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്’ എന്ന എൻജിഒയുടെയും നിരീക്ഷണത്തോട് കേന്ദ്ര സർക്കാർ യോജിച്ചു.
സോഷ്യൽ മീഡിയ കമ്പനികൾ നിലവിൽ അമേരിക്കൻ നിയമങ്ങളിലെ പ്രായപരിധിയാണ് ഇന്ത്യയിലും പിന്തുടരുന്നതെന്നും ഇത് ഇന്ത്യൻ നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചൂണ്ടിക്കാട്ടി.
പുതിയ നിയമഭേദഗതി നിലവിൽ വന്നാൽ ഇന്ത്യയിൽ സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസായി നിജപ്പെടുത്താൻ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാകും. അതേസമയം, മാതാപിതാക്കളുടെ സമ്മതത്തോടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വെബ്സൈറ്റുകളിൽ കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ അനുമതിയുണ്ടാകും.
കുട്ടികളെ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടിവരുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ഓൺലൈൻ ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, കുട്ടികളെ വഴിതെറ്റിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിഷയം പരിഗണിച്ചത്.



