മുംബൈ: മഹാരാഷ്ട്രയിൽ പിരിവ് ആവശ്യപ്പെട്ടെത്തിയ ശിവസേന യുവനേതാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് സ്ത്രീകൾ മർദിച്ചു. ഇന്നലെ വൈകീട്ട് താനെയിലെ കോപ്രി പോലീസ് സ്റ്റേഷനിലാണ് സംഭവം. ശിവസേന ഷിൻഡെ വിഭാഗം നേതാവും യൂട്യൂബറുമായ സിദ്ധു അഭംഗെയാണ് സ്ത്രീകൾ മർദിച്ചത്.
വഴിയോരത്ത് തുണിക്കച്ചവടം നടത്തുന്ന സ്ത്രീകളോട് സിദ്ധു 500 രൂപ പിരിവ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. പിരിവ് നൽകാൻ സ്ത്രീകൾ വിസമ്മതിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രശ്നം പരിഹരിക്കാനായി ഇരുകൂട്ടരും പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ അവിടെയും തർക്കം തുടരുകയും സ്ത്രീകൾ സിദ്ധുവിനെ മർദിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.



