ലണ്ടന്‍: ലണ്ടനില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ ഈ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് അര ശതമാനം വര്‍ധിച്ച് 6.9 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ പ്രാദേശികമായി ഏകദേശം 1,700 തൊഴിലുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.
ദേശീയ തലത്തില്‍ തുടര്‍ച്ചയായ മൂന്ന് മാസവും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. മെയ് മാസത്തില്‍ ഇത് ഏഴ് ശതമാനത്തിലെത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവില്‍ 16 ലക്ഷം ആളുകളാണ് തൊഴില്രഹിതരായിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു.



