തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയെ 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ പൂർണ്ണമായും അവഗണിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കൂൾ തലത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർദ്ധനവിനോ യാതൊരു പ്രാധാന്യവും നൽകാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ബജറ്റിലെ വിദ്യാഭ്യാസ നിർദ്ദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമാണ് ഊന്നൽ നൽകുന്നതെന്നും, എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറയാകുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം പൂർണ്ണമായി മറന്നുപോയിരിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള ‘സമഗ്ര ശിക്ഷാ’ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് നാമമാത്രമായ വർദ്ധനവ് മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും, അതുപോലും കേരളത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ കുട്ടികൾക്കായി ഇൻഷുറൻസ് പദ്ധതി, സർവത്രിക വിദ്യാഭ്യാസം ബിരുദതലം വരെ വ്യാപിപ്പിക്കൽ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തി കേരളം ബജറ്റിൽ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുമ്പോൾ, കേന്ദ്ര സർക്കാർ ഈ മേഖലയെ പിന്നോട്ട് തള്ളുകയാണ് എന്നാരോപിച്ചു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതത്തിൽ കാര്യമായ വർദ്ധനവ് വരുത്താത്തതും സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള അവഗണനയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണ കുടുംബങ്ങളിലെ കുട്ടികളുടെ അവകാശങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം തിരുത്തണമെന്നും, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവശ്യമായ പ്രത്യേക പാക്കേജുകൾ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.




