വാഷിങ്ടൺ: നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ വെടിവെച്ച് തടഞ്ഞതായി യുഎസ് സേന അറിയിച്ചു. സംഭവത്തിന്റെ വീഡിയോയും വിശദാംശങ്ങളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം പുറത്തുവന്നത്.
അറബിക്കടലിന്റെ വടക്കൻ മേഖലയിൽ ഇറാന്റെ ബന്ദർ അബ്ബാസിലേക്ക് നീങ്ങുകയായിരുന്ന എം/വി ടൗസ് എന്ന ഇറാൻ പതാകയുള്ള ചരക്കുകപ്പലാണ് തടഞ്ഞത്. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രൂവൻസ് ആണ് ഓപ്പറേഷൻ നടത്തിയത്. കപ്പലിന് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും നിർദേശം പാലിക്കാതിരുന്നതിനെ തുടർന്നാണ് നടപടിയെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു.
ആറ് മണിക്കൂറിലേറെ മുന്നറിയിപ്പുകൾ നൽകിയ ശേഷവും കപ്പൽ വഴിമാറാത്തതിനാൽ എഞ്ചിൻ റൂം ഒഴിയാൻ നിർദേശിക്കുകയും തുടർന്ന് 5 ഇഞ്ച് എംകെ 45 ഗൺ ഉപയോഗിച്ച് വെടിയുതിർന്ന് കപ്പലിന്റെ പ്രൊപ്പൽഷൻ പ്രവർത്തനരഹിതമാക്കുകയും ചെയ്തതായി യുഎസ് സേന വ്യക്തമാക്കി. പിന്നാലെ മറൈൻ സംഘം കപ്പലിൽ കയറി കസ്റ്റഡിയിൽ എടുത്തു.
നാവിക ഉപരോധം ആരംഭിച്ച ശേഷം ഇറാനിയൻ തുറമുഖങ്ങളിലേക്ക് നീങ്ങിയ 25-ലധികം കപ്പലുകൾ തടഞ്ഞിട്ടുണ്ടെന്നും യുഎസ് സേന കൂട്ടിച്ചേർത്തു. ഇടപെടൽ പൂർണ്ണമായും പ്രൊഫഷണലായ രീതിയിലായിരുന്നുവെന്നും അവർ അറിയിച്ചു.
അതേസമയം, യുഎസ് നടപടിയെ കടുത്ത വാക്കുകളിൽ വിമർശിച്ച് ഇറാൻ രംഗത്തെത്തി. സംഭവം വെടിനിർത്തൽ കരാർ ലംഘനമാണെന്ന് ഇറാനിലെ സൈനിക കമാൻഡ് ആരോപിച്ചു. തിരിച്ചടിക്കുമെന്ന് ഇറാൻ സായുധസേന മുന്നറിയിപ്പ് നൽകി. ചൈനയിൽ നിന്നെത്തിയ കപ്പലാണ് പിടിച്ചെടുത്തതെന്നും ഇറാൻ വ്യക്തമാക്കി.
ഇതിനിടെ യുഎസ്-ഇറാൻ ചർച്ചകൾ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇസ്ലാമാബാദിൽ നടക്കുമെന്ന് കരുതിയിരുന്ന രണ്ടാംഘട്ട ചർച്ചകൾ നിഷേധിച്ച് ഇറാൻ രംഗത്തെത്തി. യുഎസിന്റെ നിലപാടുകളും നാവിക ഉപരോധവും ചർച്ചകൾക്ക് തടസ്സമാണെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.






