കൊച്ചി : ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതരെന്ന് സൂചന. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കള്‍. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം.
കേരളത്തില്‍ നിന്നുള്ള എട്ട് പേരും മുംബൈയില്‍ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണന്‍ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവര്‍ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കള്‍ വ്യക്തമാക്കി. നിലവില്‍ സംഘം ബസില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അടുത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്നുമാണ് വിവരം ലഭിക്കുന്നത്. ടൂര്‍ പാക്കേജ് എടുത്താണ് സംഘം ഉത്തരകാശിയിലേക്ക് യാത്ര തിരിച്ചത്.






