താനൂർ: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാതെ വി. അബ്ദുറഹ്മാൻ മാറിനിൽക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടും നേരിട്ടുള്ള പ്രചാരണത്തിനോ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ട് അഭ്യർത്ഥനയ്ക്കോ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. താനൂരിൽ വീണ്ടും മത്സരിക്കാൻ താല്പര്യമില്ലെന്ന് അബ്ദുറഹ്മാൻ നേരത്തെ തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് സൂചന.
മണ്ഡലം മാറി തിരൂരിൽ മത്സരിക്കാനായിരുന്നു അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ പാർട്ടി വീണ്ടും താനൂരിൽ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിലുള്ള നീരസമാണ് പ്രചാരണത്തിൽ നിന്നുള്ള വിട്ടുനിൽക്കലിന് പിന്നിലെന്ന് കരുതപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സിറ്റിംഗ് എംഎൽഎ കൂടിയായ അബ്ദുറഹ്മാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പ്രവർത്തകർ.






