തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കെ സി.പി.എമ്മിനുള്ളിൽ വലിയ തകർച്ചയും കലാപവും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബംഗാളിൽ 33 വർഷത്തെ ഭരണം കൊണ്ടാണ് സി.പി.എം തകർന്നതെങ്കിൽ കേരളത്തിൽ പത്തു വർഷം കൊണ്ട് പാർട്ടി വലിയ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ പൂർത്തിയാക്കിയെന്നും സതീശൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. കെ. സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെ. സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോൺഗ്രസ് സി.പി.എമ്മിനെപ്പോലെ ഒരു പ്രാദേശിക പാർട്ടിയല്ലെന്നും സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാൻ കൃത്യമായ കൂടിയാലോചനകൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില എം.പിമാർ മത്സരിക്കുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുമെന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.






