തിരുവനന്തപുരം/കൊച്ചി: വർക്കലയിലെയും കളമശ്ശേരിയിലെയും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. വർക്കലയിൽ സ്ഥാനാർത്ഥി വി. ജോയിയുടെ ഇരുപത്തിയഞ്ചോളം ഫ്ലക്സുകളും കൊടിമരങ്ങളുമാണ് തകർത്തത്. വെട്ടൂർ ചുവടുതാങ്ങി, റാത്തിക്കൽ ജംഗ്ഷനുകളിലെ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ വർക്കല പൊലീസിൽ പരാതി നൽകി.
സമാനമായ രീതിയിൽ കളമശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ പ്രചാരണ ബോർഡുകളും വലിച്ചുകീറി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളാണ് നശിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് എൽഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയുണ്ടായ ഈ അക്രമങ്ങൾക്കെതിരെ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.






