കോട്ടയം : കോട്ടയം ജില്ലയിലെ വിസ്തീർണ്ണമേറിയ പാടശേഖരങ്ങളിലൊന്നായ എം.എൻ. ബ്ലോക്കിലെ നെൽകർഷകർ, വി.എം. കനാലിൽ പോള തിങ്ങിനിറഞ്ഞതിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിൽ. 1200 ഏക്കറിൽ പരന്നുകിടക്കുന്ന ഈ പാടശേഖരത്തിന്റെ മധ്യഭാഗത്തുകൂടി നിർമ്മിച്ച വി.എം. കനാൽ, വിത്തും വളവും എത്തിക്കുന്നതിനും കൊയ്തെടുത്ത നെല്ല് നീക്കം ചെയ്യുന്നതിനും നെൽകർഷകർക്ക് സൗകര്യപ്രദമായിരുന്നു. എന്നാൽ, കനാൽ പൂർണ്ണമായും പോള കൈയടക്കിയതോടെ കർഷകർ ദുരിതത്തിലായി.
നിലവിൽ പുഞ്ചകൃഷിയിറക്കിയ കർഷകർക്ക്, വളവും നീറ്റുകക്കായും ഉൾപ്പെടെയുള്ള സാധനങ്ങൾ ഒന്നര കിലോമീറ്ററിലധികം ദൂരം തലച്ചുമടായി പാടത്തേക്ക് എത്തിക്കേണ്ട ഗതികേടിലാണ്. കൊയ്ത്ത് കഴിയുമ്പോൾ നെല്ല് വിപണനം ചെയ്യുന്നതിനും മാർഗ്ഗമില്ലാതെ കർഷകർ വലയും എന്ന ആശങ്കയുമുണ്ട്.
പത്തുപങ്ക്, പന്ത്രണ്ട്പങ്ക്, ചെമ്മായിക്കരി, വെളിയം എന്നിങ്ങനെ നാല് ചെറു ബ്ലോക്കുകളായി തിരിച്ചാണ് നെല്ലുൽപാദക സമിതി പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം കനാലിന്റെ പകുതി ഭാഗം യന്ത്രമുപയോഗിച്ചും കളനാശിനി പ്രയോഗിച്ചും തെളിച്ചിരുന്നു. എന്നാൽ പത്തുപങ്കിലെ നൂറിലധികം കർഷകർക്ക് പോളശല്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളോ പാടശേഖര സമിതിയോ പോള നീക്കാൻ നടപടിയൊന്നും എടുക്കാത്തതിൽ കർഷകർക്ക് കടുത്ത അമർഷമുണ്ട്. കർഷകരിൽ നിന്ന് പിരിവ് വാങ്ങുന്ന ഭരണസമിതി കനാൽ ഉടൻ സഞ്ചാരയോഗ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.










