പാലക്കാട്: വടക്കഞ്ചേരിയിൽ ബസും സിഎൻജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടെ റോയൽ ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർ എന്നിവരടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡിലൂടെ വന്ന ദീർഘദൂര സർവീസ് ബസാണ് സിഎൻജി ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ലോറിയും ബസും കൂട്ടിയിടിച്ചത്.
ലോറിയിൽ വാഹനങ്ങൾക്ക് ഇന്ധനമായി ഉപയോഗിക്കുന്ന 40-ഓളം സിഎൻജി സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗ്യാസ് പുറത്തേക്ക് ചോർന്നതോടെ വലിയ ശബ്ദം ഉണ്ടാകുകയും പ്രദേശത്ത് പരിഭ്രാന്തി പടരുകയും ചെയ്തു. ഗ്യാസ് പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്.
വിവരമറിഞ്ഞെത്തിയ വടക്കഞ്ചേരി അഗ്നിരക്ഷാസേന ഗ്യാസ് സുരക്ഷിതമായി നിർവീര്യമാക്കി. ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




