തമിഴ്‌നാട്: വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. മലപ്പുറം പാങ്ങ് സ്വദേശി നൗഷാദ് അലി (39)യാണ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.
കഴിഞ്ഞ 17ന് വൈകിട്ട് 5.30ഓടെ വാൽപ്പാറയിലെ 13-ാം ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ 800 അടി താഴ്ചയിലേക്ക് പതിച്ചതായിരുന്നു അപകടം. മലപ്പുറം പെരിന്തൽമണ്ണ പാങ്ങിൽ നിന്നുള്ള അധ്യാപകരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്ക് പോയത്. വാഹനത്തിൽ 13 പേരുണ്ടായിരുന്നു. എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മുഹമ്മദ് ഫായിസിന്റെ നില ഗുരുതരമായി തുടരുന്നു. സഹദിൻ മുഹമ്മദിനെ ആരോഗ്യനിലയിൽ പുരോഗതി കാണിച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.




